സംസ്ഥാനത്തെ എല്ലാ സ്കൂളുകൾ കേന്ദ്രീകരിച്ച് അടിയന്തിര പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. ജൂലൈ 25 മുതൽ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ട് പരിശോധന നടത്തും. ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് നിരീക്ഷണത്തിന് ജില്ലകളിൽ മേൽനോട്ടം വഹിക്കും. സ്കൂളുകളിലെ സുരക്ഷ ഉറപ്പു വരുത്താൻ സമയബന്ധിത പരിപാടിക്ക് രൂപം നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഡി.ഡി, ആർ.ഡി.ഡി, എ.ഡി, ഡി.ഇ.ഒ., എ.ഇ.ഒ, വിദ്യാകിരണം കോർഡിനേറ്റർ, ബി.ആർ.സി. ഉദ്യോഗസ്ഥൻ, ഡയറ്റ് പ്രിൻസിപ്പൽ തുടങ്ങിയവരാണ് ജില്ലാതല ഉദ്യോഗസ്ഥ ഗ്രൂപ്പിലുണ്ടാകുക. സ്‌കൂൾ സന്ദർശനത്തിൽ മേൽ സൂചിപ്പിച്ച വകുപ്പ് തലവൻമാരുടെ ഗ്രൂപ്പിൽ കുറഞ്ഞത് 3 പേർ ഉണ്ടാകും. വർക്കിങ് ടൈമിൽ ഏരിയ നിശ്ചയിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ടതാണ്. ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ വെച്ച് സംസ്ഥാന സേഫ്റ്റി ആഡിറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ചേരും. 2025 മെയ് 13 ന് ഇറക്കിയ സർക്കുലറിൽ പറഞ്ഞ 35 കാര്യങ്ങളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകേണ്ടതാണെന്നും മന്ത്രി അറിയിച്ചു.