താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍നിന്ന് യുവാവ് കൊണ്ടുപോയ ബിരിയാണി ചെമ്പുകള്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളാണ് പൂനൂരിലെ ആക്രിക്കടയില്‍ വിറ്റത്.
ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച പാത്രങ്ങള്‍ തിരികെ എത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാത്രങ്ങള്‍ അണ്ടോണയിലല്ല, പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി.
വീടിനടുത്തേക്ക് വണ്ടി പോകാത്തതിനാൽ പാത്രങ്ങൾ ഇവിടെ ഇറക്കിയാല്‍ മതിയെന്നാണ് ഓട്ടോ ഡ്രൈവറോട് യുവാവ് പറഞ്ഞത്. ഈ വിവര പ്രകാരം കടയുടമ തിങ്കളാഴ്ച പൂനൂരിലെ ആക്രിക്കടയില്‍ എത്തിയപ്പോളാണ് പാത്രങ്ങള്‍ കണ്ടെത്തിയത്. ആക്രിക്കട ഉടമയോട് വിവരങ്ങള്‍ പറഞ്ഞശേഷം വാടക സ്റ്റോര്‍ ഉടമ റഫീഖ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. വാടകയ്ക്ക് എടുത്തതാണെന്ന് ആക്രിക്കടക്കാര്‍ക്ക് മനസ്സിലാവാതിരിക്കാന്‍ പാത്രങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ യുവാവ് വില്‍പ്പന നടത്തിയിരുന്നില്ല. മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
