സൗജന്യ കലാപരിശീലന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

ചിത്രരചനയും തിരുവാതിരയും മാപ്പിളപ്പാട്ടുമെല്ലാം സൗജന്യമായി പഠിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ കലാപരിശീലനം നല്‍കുന്നത്. പ്രായപരിധിയില്ലാതെ ആര്‍ക്കും പരിശീലനത്തിന്റെ ഭാഗമാകാം.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരിനത്തില്‍ 16 ക്ലാസുകളാണ് നല്‍കുക. ഇന്റര്‍വ്യൂ നടത്തിയാണ് പരിശീലകരെ തെരഞ്ഞെടുക്കുന്നത്. സാംസ്‌കാരിക വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് ഇവര്‍ക്കുള്ള വേതനം നല്‍കുക.

മൂന്ന് വര്‍ഷമായി പേരാമ്പ്ര ബ്ലോക്കില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പരിധിയിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി, വാല്യക്കോട് എയുപി, പേരാമ്പ്ര ജിയുപി, ചെറുവാളൂര്‍ സ്‌കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങളായി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. സൗജന്യ കലാപരിശീലനത്തിന്റെ ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.