കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം

കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം. മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പർസ് ആൻഡ് സ്ക്രാപ്പ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പരിസരത്ത് ഉണ്ടായിരുന്നവരാണ് സ്ഥാപനത്തിൽ തീ പിടിച്ചത് കണ്ടത്. പരിസരവാസികൾ തീ അണക്കാൻ പരിശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. വിവരമറിയിച്ചതിനു പിന്നാലെ മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി. മൂന്ന് ഫയർ യൂണിറ്റുകൾ ഉപയോഗിച്ച് നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 ഗോഡൗണിനോട് ചേർന്ന് ഇവിടുത്തെ തൊഴിലാളികളായ ബീഹാർ കുടുംബവും താമസിച്ചിരുന്നു. അവർ ബക്രീദ് ലീവ് പ്രമാണിച്ച് നാട്ടിൽ പോയതോടെ വലിയ അപകടമാണ് ഒഴിവായത്. തീപിടിത്തത്തിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്‌ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ അസിസ്‌റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശിഹാബുദ്ദീൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി എം ബിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Leave a Reply

Your email address will not be published.