പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ ചടങ്ങിനെത്തിയവര്‍ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടി കവര്‍ച്ച ചെയ്തു. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്. ഇന്ന് രാവിലെയോടെ പണം കണക്കുകൂട്ടുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസ്സിലായത്.
വിവാഹത്തോടനുബന്ധിച്ച് രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്. ഒന്ന് വീട്ടുവരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകൾ സമ്മാനിച്ച കവറുകള്‍ ഇടാനായാണ് മുറിയില്‍ പെട്ടി സ്ഥാപിച്ചത്. ഈ പെട്ടിയിലെ കവറുകളാണ് കവര്‍ച്ച ചെയ്തത്. പെട്ടിയുടെ ഒരു വശം തകര്‍ത്ത നിലയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
