മൂരാട് പാലം സമീപ റോഡിൽ വിള്ള ആറുവരി ദേശീയപാതയിൽ പുതുതായി നിർമ്മിച്ച മൂരാട് പാലത്തിൻ്റെ അനുബന്ധ റോഡിൽ വിള്ളൽ. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഴ നിർത്താതെ തുടരുന്നതിനാൽ വിള്ളൽ കൂടിവരുന്നതായി ആശങ്കയുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്കുള്ള വരിയിൽ പാലം തുടങ്ങുന്നതിന് തൊട്ടടുത്തതാണ് റോഡിൽ വിള്ളലുകൾ രൂപം കൊണ്ടത്. റോഡരികിലെ നടപ്പാതയിൽ പതിച്ച കട്ടകൾക്കിടയിലൂടെ വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് കോൺഗ്രീറ്റ് ഭിത്തിക്കും ഭീഷണി ഉയർത്തുന്നുണ്ട്. ഒരു വർഷം മുമ്പാണ് മൂരാട് പാലം നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം വടകര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വരിയിൽ പാലം കഴിഞ്ഞ ഉടൻ അനുബന്ധ റോഡിൽ പലയിടത്തായി നടപ്പാതയും ഇതേ പോലെ താഴ്ന്നിരുന്നു. രണ്ടുവർഷം മുമ്പ് പാലത്തിൻ്റെ ഒരു തൂൺ പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ ചെരിഞ്ഞ പ്രശ്നവും ഇവിടെ ഉണ്ടായിരുന്നു.
