ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെ (25) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയറ്ററിനടുത്താണ് സംഭവം നടന്നത്. പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോള്‍ ചെയ്തോട്ടെ എന്ന് പറഞ്ഞ് അലി മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണ്‍ ചെയ്തുകൊണ്ട് അല്‍പം അകലേക്ക് മാറിയ ഇയാള്‍ പിന്നീട് വിദഗ്ധമായി കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ച പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്കകം കോഴിക്കോട് ബീച്ച് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐ ശ്രീസിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ജലീല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published.