കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് തല പഠനോത്സവം ഏപ്രിൽ 27ന് കാപ്പാട് നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. പന്തലായനി ബി.ആർ. സി പരിധിയിലെ 78 സ്‌കൂളുകളിലും അഞ്ച് പഞ്ചായത്തുകളിലുമായി പഞ്ചായത്ത്തലം, മുനിസിപ്പൽതലം എന്നിങ്ങനെ പഠനോത്സവം നടത്തിയിട്ടുണ്ട്. കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ചിൽ വെച്ചാണ് ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് വനം വന്യജീവി സംര ക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിയ്ക്ക് കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ച് മുതൽ തുവ്വപ്പാറ വരെ ആയിരത്തോളം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിക്കും. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ, മെലഡി നൈറ്റ്, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറുമെന്നും സ്വാഗതസംഘം കൺവീനറും പന്തലായിനി ബി ആർ സി ബിപിസിയുമായ എം മധുസൂദനൻ അറിയിച്ചു.
