മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല
, പോകാൻ തിടുക്കമില്ല,
ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ
അവർ നോക്കി നിന്നു.
ഇരുട്ടിൽ കളിക്കുന്ന നാടകത്തിന്റെ വെളിച്ചത്തിന്റെ ശക്തി
600 ഓളം വരുന്ന ആസ്വാദകർ നേരിട്ട് അനുഭവിച്ചറിഞ്ഞു..
സംഘാടകരായ KSTA കൊയിലാണ്ടിക്കും സംഘാടക സമിതിക്കും
നൂറു മേനി വിളവെടുത്ത കർഷകന്റെ സന്തോഷം

പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ അരങ്ങേറിയ മാടൻ മോക്ഷം നാടകം സമകാലിക ഇന്ത്യൻ അവസ്ഥകൾക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള അരങ്ങാവിഷ്കാരമായി. പരിമിതമായ ജീവിതാവശ്യങ്ങൾ മാത്രമുണ്ടായിരുന്ന കീഴാള ജനതയ്ക്ക് വിശ്വാസം എന്നത് അതിജീവനത്തിന് കാവലാളാകുന്ന ദേവതാസങ്കൽപ്പമായിരുന്നു. ഇത്തരം വിശ്വാസങ്ങളുടെ അടിത്തറയിൽ അവർ പ്രതിഷ്ഠിച്ച ദൈവങ്ങൾക്ക് അവരുടെ തന്നെ ഉടലും നിറവും ഭാഷയും ഉണ്ടാകുന്നത് അതുകൊണ്ടാണ്. സ്വന്തം ദൈന്യതകൾ തങ്ങളുടെ മൂർത്തികളോട് വിനിമയം ചെയ്യേണ്ടി വരുമ്പോൾ അവരുടെ ഭാഷ തന്നെയായിരുന്നു ദൈവത്തിനും കരണീയം. മദ്യവും കരിങ്കോഴിയും ദൈവങ്ങൾക്ക് സമർപ്പിക്കുമ്പോൾ ജൈവികമായ എല്ലാ സാധ്യതകളെയും അവർ തങ്ങളുടെ വിശ്വാസങ്ങളുമായി കൂട്ടിയിണക്കുകയായിരുന്നു. എന്നാൽ കീഴാളന്റെ ലോകവീക്ഷണത്തെ ബോധപൂർവ്വമായ ശ്രമങ്ങളിലൂടെ മാറ്റിയെടുക്കാനും ഏകീകരിക്കപ്പെട്ട മതബോധത്തിന്റെ ചരടിൽ കോർത്തിടാനുമുള്ള ശ്രമങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പകരം വയ്ക്കലുകളുടെ സങ്കീർണ്ണതകളിൽ ശ്വാസം മുട്ടുന്നത് മനുഷ്യർക്ക് മാത്രമല്ല അവർ ജീവിതത്തോട് ചേർത്തുവെച്ച സകലതിനുമാണെന്ന വലിയ യാഥാർത്ഥ്യത്തിന് രംഗഭാഷ്യം ഒരുക്കുകയായിരുന്നു ആലപ്പുഴ മരുതം തീയേറ്റേഴ്സ് മാടൻമോക്ഷത്തിലൂടെ. മാറ്റിമറിക്കപ്പെടുന്ന സ്വത്വത്തിന്റെ വീണ്ടെടുപ്പിനായി അലമുറയിടേണ്ടിവരുന്ന മനുഷ്യരുടെ ദൈന്യതകൾ അരങ്ങിൽ നിന്ന് പ്രേക്ഷകരിലേക്ക് പടരുന്ന വൈകാരിക അനുഭവത്തിന് ഇന്നലെ പൊയിൽകാവിലെ നാടക സദസ്സ് സാക്ഷികളായി. ജയമോഹന്റെ നോവലിന് നാടക ഭാഷ്യം രചിച്ച രാജ്മോഹൻ നീലേശ്വരവും അക്ഷരങ്ങളെ കയ്യൊതുക്കമുള്ള അരങ്ങനുഭവം ആക്കി മാറ്റിയ ജോബ് മഠത്തിലും ആംഗികചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അടിമുടി കഥാപാത്രങ്ങളായി തീർന്ന അഭിനേതാക്കളും നാടകീയതയ്ക്ക് ഏറ്റവും അഭികാമ്യമായ സെറ്റ് ഡിസൈൻ ചെയ്ത നിധീഷ് പൂക്കാടും ശബ്ദ-ദീപ വിന്യാസങ്ങളിലൂടെ അരങ്ങിനെ അമ്പരപ്പിച്ച സാങ്കേതിക പ്രതിഭകളും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

വേരറുക്കപ്പെട്ട ചരിത്രത്തിന് മുകളിൽ ആകാശം മുട്ടെ ഗോപുരമുയരുമ്പോൾ നിസ്സഹായതയുടെ ഉയിര് പൊട്ടുന്ന നിലവിളി ഓരോ പ്രേക്ഷകനും ഏറ്റുവാങ്ങി.
കണ്ടു നിന്ന ഓരോ മനസ്സിലും ഓരോ മാടത്തറയും വയൽ വരമ്പും സ്വാതന്ത്ര്യത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും വ്യത്യസ്ത ഇടങ്ങളും സൃഷ്ടിക്കാൻ നാടകത്തിനു കഴിഞ്ഞു.
അമ്പലങ്ങളിലൊ ആകാശത്തോ ഇരിക്കുന്ന ദൈവങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും മണ്ണിലും ചേറിലും ആനന്ദത്തിലും ആധികളിലും കൂടെ നിൽക്കുന്ന കരുണയുടെ സ്നേഹത്തിന്റെ പേരാണ് ദൈവമെന്നും നാടകം സാക്ഷ്യപ്പെടുത്തുന്നു..

ചരിത്രത്തോടൊപ്പം വളർന്ന് അതാത്കാലത്തെ സാമൂഹ്യവസ്ഥകളോട് സർഗാത്മകമായി കലഹിച്ചുകൊണ്ട് മുന്നേറിയ നാടകം എന്ന കലാരൂപത്തെ ഒരുപറ്റം നാടക ആസ്വാദകർക്ക് മുന്നിൽ എത്തിച്ച് തങ്ങളുടെ സാമൂഹ്യ ബാധ്യത നിറവേറ്റിയ കൊയിലാണ്ടിയിലെ കെഎസ്ടിഎയുടെ പ്രവർത്തകരോടൊപ്പം സംഘാടക സമിതിയും കാല ദൗത്യം നിർവഹിക്കുകയായിരുന്നു..

നാടക വേദിയിൽ വെച്ച് പ്രശസ്ത നാടക പ്രതിഭ എം നാരായണൻ മാസ്റ്ററെ സംഘടക സമിതി ആദരിച്ചു. കന്മന ശ്രീധരൻ മാസ്റ്റർ
സ്നേഹോപഹാരം സമർപ്പിച്ചു.

നാടക സമിതിക്കുള്ള ഉപഹാരം
കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ നൽകി.
നാടകത്തിന്റെ സെറ്റ് ഡിസൈനർ നിധീഷ് പൂക്കാടിനുള്ള ഉപഹാരം കെ എസ് ടി എ ജില്ലാ സെക്രെട്ടറി ആർഎം രാജനും, കളർ ബോക്സിനു വേണ്ടിയുള്ള ഉപഹാരം അപ്പുണ്ണി ശശിയും വിതരണം ചെയ്തു.
സി. അശ്വനിദേവ് അധ്യക്ഷം വഹിച്ചു.
മനോജ്‌ വിപി,
ഡോ. പികെ ഷാജി, ശിവദാസ് പൊയിൽകാവ്, ഡികെ ബിജു,,
സി ഉണ്ണികൃഷ്ണൻ,
കെ ഗീതാനന്ദൻ, സിവി ബാലകൃഷ്ണൻ, വിജയൻ അരങ്ങാടത്ത്
സത്യചന്ദ്രൻ പൊയിൽകാവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു..
സബ്ജില്ലാ പ്രസിഡന്റ്‌
പവിന പി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

Next Story

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Latest from Local News

പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് എം.ടി. കഥാപാത്രങ്ങളുടെ ആലേഖനം

പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പുവരങ്ങിനോടനുബന്ധിച്ച് എം.ടി. വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് എം.ടി. കഥാപാത്രങ്ങളുടെ വലിയ

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേ നാളെ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച