സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. മാസം തികയാതെ ജനിച്ചതുകൊണ്ട് കുഞ്ഞ് മരിച്ചെന്നു കരുതിയെന്നും ആശുപത്രിയിലെ ഭാരിച്ച ചെലവു ഭയന്നാണ് തിരികെ നാട്ടിലേക്ക് പോയതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞദിവസം കുഞ്ഞിനെ ഇവർ വീഡിയോകോളിലൂടെ കണ്ടിരുന്നു.
തിരികെ വന്നാൽ അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാൻ അപേക്ഷ നൽകാം. ഝാർഖണ്ഡിലെ ശിശുക്ഷേമ സമിതി വഴി അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ പരിപാലിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന നടപടിയെടുക്കുക. മാതാപിതാക്കൾ രണ്ട് മാസത്തിനകം എത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകുന്ന നടപടിയുമായി മുന്നോട്ടുപോകും.
