വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ബിഎസ്എഫ് റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് വളയം എസ്ഐ എം മോഹനന്റെ നേതൃത്വത്തിൽ പോലീസും, ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മേഖലയിൽ വളയം പോലീസ് പരിശോധന തുടരുകയാണ്.
