മണ്ഡലകാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കോർഡ് വരുമാന വർധന; കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം

മണ്ഡലകാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കോർഡ് വരുമാന വർധന. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. അരവണ വിൽപനയിലും മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് വരുമാനമാണ്. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തർ ഇത്തവണ ദർശനം നടത്തി.

നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215 കോടിയോളമായിരുന്നു. അധിക വരുമാനമായ 82 കോടിയിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്.

മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും മുൻ വർഷങ്ങളെക്കാൾ വർധനയുണ്ടായി. 32.5 ലക്ഷത്തോളം പേരാണ് ഇത്തവണ ദർശനം നടത്തിയത്. കഴിഞ്ഞ തവണ ഇത് 28 ലക്ഷമായിരുന്നു. സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേട് വഴിയും ശബരിമലയിൽ എത്തിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോൾ മകരവിളക്കിനായി നട തുറന്നത് മുതൽ തിരക്കുണ്ട്. മകരവിളക്ക് ഉത്സവം കൂടി കഴിയുമ്പോൾ ഇനിയും വരുമാനം വർധിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published.