എം.എ പൊളിറ്റിക്‌സ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം; നിടൂളി പത്മിനിയ്ക്ക് ഇത് അഭിമാന നേട്ടം

കൊയിലാണ്ടി: സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസിലൂടെ നടന്നു കയറിയ പത്മിനി ബിരുദവും ബിരുദാനന്തര ബിരുദവും പിന്നിട്ടു. ഇനി ലക്ഷ്യം നിയമ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ എം.എ.പൊളിറ്റിക്‌സ് പരീക്ഷയിലാണ് ചെങ്ങോട്ടുകാവ് എടക്കുളം നിടൂളി പത്മിനി ഫസ്റ്റ് ക്ലാസോടെ വിജയിച്ചത്. 63.4 ശതമാനം മാര്‍ക്കാണ് നേടിയത്.
ജീവിതപ്രയാസങ്ങള്‍ കാരണം എസ്.എസ്.എല്‍.സി ജയിച്ചതിന് ശേഷം പഠനം തുടരാന്‍ കഴിയാതിരുന്ന പത്മിനി 2016-18 വര്‍ഷത്തിലാണ് സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ചേര്‍ന്നത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കേന്ദ്രമാക്കിയായിരുന്നു പഠനം. പ്ലസ്ടു തുല്യതാ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ബി.എ പൊളിറ്റിക്‌സിന് ചേര്‍ന്നു. തുടര്‍ന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യഭ്യാസ പദ്ധതിയിലൂടെ എം.എ കോഴ്‌സില്‍ ചേര്‍ന്നത്.
ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ ജീവനക്കാരിയാണ് പത്മിനി. ജോലിത്തിരക്കിനിടയിലാണ് പഠനം. ഇതിനിടയില്‍ സാമൂഹിക പ്രവര്‍ത്തനവുമുണ്ട്. സി.പി.എം പ്രവര്‍ത്തകയായ ഇവര്‍ നിറവ് കുടുംബശ്രി അംഗം കൂടിയാണ്.

Leave a Reply

Your email address will not be published.