ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതിയായ-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ശുപാർശകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. പിഎം വിദ്യാലക്ഷ്മി പദ്ധതി പ്രകാരം സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ഗ്യാരണ്ടി രഹിത വായ്പകൾ അനുവദിക്കും. 

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പദ്ധതി പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. വായ്പ ലഭിക്കാനുള്ള നടപടികൾ സുതാര്യവും വിദ്യാർഥി സൗഹൃദവും പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കീമിന് കീഴിൽ, 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കും. കൂടാതെ, മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും.

 

 

Leave a Reply

Your email address will not be published.