തപാൽ വകുപ്പിൻ്റെ പേരിലുള്ള വ്യാജസന്ദേശത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളപോലീസ്. പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴിയും എസ് എം എസ് വഴിയുമാണ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിൻ്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിൻ്റേതിനു സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജാണ് ലഭിക്കുക.


