സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കിയതായി റിപ്പോർട്ട്. ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലമാണ് റേഷൻകാർഡ് മസ്റ്ററിങ്അസാധുവാക്കിയത്. റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് അസാധുവാക്കിയിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് നടപടി. മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തൽ.
ഇത്തരത്തിലുള്ള പൊരുത്തക്കേടുകൾ മുപ്പതുശതമാനത്തിൽ കൂടിയാൽ മസ്റ്ററിങ്ങിന് സാധുത നൽകില്ല. ഭക്ഷ്യധാന്യമുൾപ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. ആദ്യഘട്ട മസ്റ്ററിങ് തുടങ്ങിയപ്പോൾത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ്നം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നാൽ, മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടർനടപടിയെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ചൊവ്വാഴ്ചവരെയാണ് സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിനുശേഷം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.


