കുവൈത്ത്‌ കെ.എം.സി. സി ‘നോളഡ്ജ് കോൺഫ്ലുവൻസ്’ ഓഗസ്റ്റ് 25ന്‌ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും

കുവൈത്ത്‌ കെ.എം.സി. സി ‘നോളഡ്ജ് കോൺഫ്ലുവൻസ്’ ഓഗസ്റ്റ് 25ന്‌ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുവൈത്ത്‌ കെ.എം.സി. സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയാണ്‌ ‘നോളഡ്ജ് കോൺഫ്ലുവൻസ്’. പദ്ധതിയുടെ ഭാഗമായി ‌ നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 75 വിദ്യാർത്ഥികൾക്ക്‌ സ്കോളർഷിപ്പ്‌ നൽകും. മുസ്ലിംലീഗിന്റെ 75ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

സ്കോളർഷിപ്പ്‌ ഉദ്ഘാടനം മുസിലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം, മുൻ മന്ത്രി പി കെ കെ ബാവ, മുസ്ലിം ലീഗ്‌ കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ശാഫി പറമ്പിൽ എം പി, മോട്ടിവേഷൻ പ്രഭാഷകൻ റാഷിദ്‌ ഗസ്സാലി, ഹരിത സംസ്ഥാന പ്രസിഡണ്ട്‌ ആയിഷാ ബാനു എന്നിവർ പ്രസംഗിക്കും.

കൊയിലാണ്ടി മണ്ഡലത്തിലെ പഞ്ചായത്ത്‌/മുനിസിപ്പൽ തലങ്ങളിൽ നിന്നാണ്‌ ‘നോളഡ്ജ് കോൺഫ്ലുവൻസ്’ ഗുണഭോക്താക്കളെ കണ്ടെത്തിയത്‌. നിയോജക മണ്ഡലം എം എസ്‌ എഫ്‌ കമ്മിറ്റിയുമായി സഹകരിച്ചാണ്‌ ‌ യോഗ്യരായ വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്‌‌. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പഠനത്തിൽ മികവ്‌ പുലർത്തുന്ന കുട്ടികളെയാണ്‌ ‘നോളഡ്ജ് കോൺഫ്ലുവൻസി’നായി പരിഗണിച്ചത്‌.

കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ടി.വി അബ്ദുൾ ലത്തീഫ്, സെക്രട്ടറി നവാസ് കോട്ടക്കൽ, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ബഷീർ ബാത്ത, മുസ്ലിംലീഗ് നേതാക്കളായ വി.പി ഇബ്രാഹിംക്കുട്ടി, സി.ഹനീഫ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.