പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിയില്ലെന്ന് യുവതി കോടതിയിൽ നേരിട്ട് വ്യക്തമാക്കി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിയില്ലെന്ന് യുവതി കോടതിയിൽ നേരിട്ട് വ്യക്തമാക്കി. ഇതോടെ ഇരുവരോടും കൗൺസിലിങിന് വിധേയമാകാൻ കോടതി നിർദ്ദേശിച്ചു. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ തനിക്ക് പരാതിയില്ലെന്നും, ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗൺസിലിങിന് അയച്ചത്. 

ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയിൽ വായിച്ചു കേൾപ്പിച്ചു. കൗൺസിലിങ് റിപ്പോർട്ട്‌ തൃപ്തികരമെങ്കിൽ ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ വിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നതിൽ സർക്കാർ എതിരല്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹർജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published.