12 വർഷത്തിന് ശേഷം ആശാഭവനിലെ അന്തേവാസി നാട്ടിലേക്ക്

/

12 വർഷം സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂർ സ്വദേശി ഭദ്രൻ ഒടുവിൽ നാട്ടിലേക്ക്.

ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത അവസ്ഥയിലാണ് സാമൂഹ്യ പ്രവർത്തകനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുൻ ഉദ്യോഗസ്ഥനുമായ ശിവൻ കോട്ടൂളി സഹായത്തിനെത്തുന്നത്. ശിവന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനുകൾ വഴി അന്വേഷിച്ചപ്പോൾ 51-കാരനായ ഭദ്രൻ കോയമ്പത്തൂർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

സ്വന്തം കുടുംബത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ കോയമ്പത്തൂർ സാമൂഹ്യക്ഷേമ ഓഫീസറുമായി ശിവൻ ബന്ധപ്പെടുകയും തുടർന്ന് കോയമ്പത്തൂരിലെ യൂണിവേഴ്സൽ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഇതിന് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ 24 ന് ഭദ്രൻ സ്വദേശത്തേക്ക് മടങ്ങും.

“മേട്ടുപാളയം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് ഭദ്രന്റെ വീട് കണ്ടെത്തിയത്,” ശിവൻ കോട്ടൂളി പറഞ്ഞു. 50 ഓളം അന്തേവാസികളുള്ള ആശാഭവനിലെ ഏറ്റവും ശാന്തനായ ആളായിരുന്നു ഭദ്രനെന്ന് സ്ഥാപനത്തിന്റെ സൂപ്രണ്ട് ഡോ. എം ഐശ്വര്യ പ്രതികരിച്ചു. “ആഘോഷവേളകളിൽ തമിഴ് ശൈലിയിലുള്ള ഡാൻസ് ആയിരുന്നു ഭദ്രന്റെ പ്രത്യേകത,” അവർ പറഞ്ഞു.  ആശാഭവൻ അധികൃതർ ഭദ്രന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published.