നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലാണ് തീരുമാനം.

നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാ​ഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

ഓൺലൈനായി ചേർന്ന യോ​ഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.