കൊയിലാണ്ടി: വിഷുക്കാലത്തെ പ്രതിമകളുടെ വില്‍പ്പനയിലാണ് രാജസ്ഥാന്‍ കുടുംബം പ്രതീക്ഷയര്‍പ്പിക്കുക. വിഷുക്കാലമായാല്‍ രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് ഇവര്‍ പ്രതിമകള്‍ നിര്‍മ്മിക്കും. ചെറുതും വലുതുമായ കൃഷ്ണ വിഗ്രഹങ്ങള്‍. വെളള സിമിന്റും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ച് പ്രത്യേക അച്ച് ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിക്കുക. പ്രതിമ നിര്‍മ്മിച്ചാല്‍ റോഡരികില്‍ ഉണങ്ങാന്‍ നിരത്തി വെക്കും. പെയിന്റ് ചെയ്തു ആകര്‍ഷകമാക്കുക സ്ത്രീകളും കുട്ടികളുമാണ്.
രാജസ്ഥാനിലെ പാലി ജില്ലയില്‍ നിന്നുളള മൂന്ന് കൂടുംബങ്ങളാണ് വര്‍ഷങ്ങളായി റോഡരികില്‍ ടെന്റ് കെട്ടി പ്രതിമ നിര്‍മ്മിച്ച് വിറ്റ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. മൂന്ന് കുടുംബങ്ങലിലായി മുപ്പതോളം കുടുംബങ്ങള്‍ ഉണ്ട്. ഇവരുടെ കുട്ടികള്‍ പഠിക്കുന്നത് ഇവിടെ തന്നെയുളള സ്‌കുളുകളിലാണ്. ഒന്നാം ക്ലാസ് തൊട്ട് പ്ലസ്ടുവരെ പഠിച്ചവര്‍ കൂട്ടത്തിലുണ്ടെന്ന് വിദ്യാര്‍ത്ഥികളായ മുകേഷ്,നാരായണന്‍,കിഷന്‍ലാല്‍,അമൃത് തുടങ്ങിയവര്‍ പറഞ്ഞു.
നൂറ് രൂപ മുതല്‍ 2500 രൂപ വരെ വിലയുളള കൃഷ്ണനും രാധയും,ഗണപതിയും അയ്യപ്പനുമെല്ലാം ഇവരുടെ കയ്യിലുണ്ട്. കൂടുതലും ശ്രീകൃഷ്ണ പ്രതിമകളാണ് ഇവര്‍ നിര്‍മ്മിക്കുക. വിഷു സമയത്ത് നല്ല കച്ചവടമാണ് ഇവര്‍ നടത്തുക.വീടുകളില്‍ കണി വെക്കാനായി ഒട്ടെറെ പേര്‍ കൃഷ്ണ വിഗ്രഹങ്ങള്‍ വാങ്ങാനെത്തും.
ദേശീയ പാത വികസനത്തോടെ വിഗ്രഹങ്ങളുടെ വില്‍പ്പന കുറഞ്ഞു വരുന്നതായി മുകേഷ് പറഞ്ഞു. ഇപ്പോള്‍ വാഹനങ്ങള്‍ പൂക്കാട് അടിപ്പാതയ്ക്ക് മുകളിലൂടെയാക്കിയത് കാരമം വില്‍പ്പന തീരെ കുറഞ്ഞു. സര്‍വ്വീസ് റോഡിലൂടെ പോകുന്നവരാണ് വിഗ്രഹങ്ങള്‍ വാങ്ങുന്നത്.
