നിതിൻരാജിൻറെ മരണം ; ലോൺ ആപ്പ് ഭീഷണിയിൽ അന്വേഷണം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും ഉണ്ടായെന്ന സംശയത്തിലാണ് പോലീസ്. നിതിന്റെ ഫോണിൽ നിന്നും ലോൺ ആപ്പ് സംഘങ്ങളുടെ ഭീഷണി സന്ദേശങ്ങളും നിർണ്ണായകമായ ചാറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

എണ്ണായിരത്തോളം രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലോൺ മാഫിയയുടെ ഭീഷണി. ഇതിന് താൻ പാവമാണെന്ന് നിതിൻ മറുപടി നൽകിയതായും ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. നിതിനെ മാത്രമല്ല, കോളേജിലെ അധ്യാപികയെയും ഈ സംഘം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകുകയും, നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ അവനെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ലോൺ ആപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം യഥാർത്ഥ കാരണമായ ജാതി അധിക്ഷേപത്തെ മൂടിവെക്കാനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമാണെന്ന് കുടുംബം ആരോപിക്കുന്നു. അമ്മയുടെ ചികിത്സയ്ക്കായി വീട്ടുകാരുടെ അറിവോടെയാണ് നിതിൻ പണമെടുത്തതെന്ന് പിതാവ്പറഞ്ഞു. ലോൺ മാഫിയയുടെ ഭീഷണിയെക്കുറിച്ച് കോളേജ് അധികൃതർക്ക് അറിവുണ്ടായിട്ടും അത് വീട്ടുകാരെ അറിയിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. നിതിൻ നേരിട്ട ജാതി അധിക്ഷേപത്തിലും വായ്പാ സംഘത്തിന്റെ ഭീഷണിയിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published.