പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാർത്ഥം അരിക്കുളം മ്യൂസിക് ലവേഴ്സ് ഏർപ്പെടുത്തിയ പ്രഥമ സർഗ സംഗീത പുരസ്കാരം മണിരാജൻ ചാലയിലിന് നൽകി. പാലക്കാട് പ്രേംരാജ്, വി.ആർ.സുധീഷ്,ഡോ: മോഹനൻ നടുവത്തൂർ എന്നിവർ അടങ്ങുന്ന മൂന്ന് അംഗ ജ്യൂറിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാറിന്റെ മകനും കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ പുരസ്കാര സമർപണ കർമം നിർവ്വഹിച്ചു.
സാമൂഹ്യ അനീതികൾക്കെതിരെ തൂലിക ചലിപ്പിച്ച വയലാർ രാമവർമ ദൈവങ്ങളേക്കാൾ ഉപരിയായി മനുഷ്യനെ സ്നേഹിച്ച കവിയായിരുന്നുവെന്ന് വയലാർ ശരത് ചന്ദ്രവർമ പറഞ്ഞു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന ഇക്കാലത്ത് വയലാറിന്റെ വരികൾക്ക് പ്രസക്തി ഏറിവരികയാണ്. സംഘാടക സമിതി ചെയർമാൻ രാമചന്ദ്രൻ നീലാംബരി അധ്യക്ഷ്യം വഹിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേം രാജ്, നൃത്താവതരണത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ കെ.ടി. ശ്രീധരൻ എന്നിവർക്കുള്ള ആദരവും ഗായിക തേജാ ലക്ഷ്മിക്കുള്ള അനുമോദനവും നടന്നു. വി.ടി.മുരളി, ഡോ: മോഹനൻ നടുവത്തൂർ, സംഘാടക സമിതി കൺവീനർ എൻ.കെ. ഉണ്ണികൃഷ്ണൻ ,ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, കെ.എം. നാരായണി,അഡ്വ: കെ.ടി. ശ്രീനിവാസൻ, സി.രാഘവൻ , സി. സുകുമാരൻ മാസ്റ്റർ, സുരേന്ദ്രൻ നമ്പീശൻ, എം. രാമാനന്ദൻ , ഇ. വിശ്വനാഥൻ, ജിജി രാജേഷ് എന്നിവർ സംസാരിച്ചു. മലരി കലാ മന്ദിരം വിദ്യാർത്ഥികളുടെ സ്വാഗതഗാനം, ചെങ്ങന്നൂർ ശ്രീകുമാർ നയിച്ച ഗാനമേള, കെ.ശ്രീകുമാറും സംഘവും അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും നടന്നു.
