പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ഭാഗമായി മാറ്റിവെച്ച ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനമായി. പരീക്ഷകൾക്ക് പകരം മറ്റു സംവിധാനങ്ങൾ കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം എടുത്തത്. ഇനി കൃത്യ സമയത്തു പരീക്ഷ നടത്താൻ കഴിയില്ലെന്ന് വിലയിരുത്തലിലേക്കു യോഗം എത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഓണം ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ചായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. പ്ലസ് വൺ പരീക്ഷ മാർക്ക് പരിഗണിച്ചായിരിക്കും പ്ലസ് ടു വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നൽകുക. ഇത് കൂടാതെ പ്ലസ് ടു ക്കാർക്ക് ബോണസ് മാർക്കും നൽകും.
നേരത്തെ, ഗൾഫ് മേഖലയിലെ നിർത്തിവെച്ച എസ്എസ്എൽസി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.
