ചിക്കമഗളുരുവിൽ കാണാതായ ശ്രീനന്ദക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്

കർണാടകയിലെ ചിക്കമഗളുരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നു. ഏപ്രിൽ 7ന് വൈകിട്ട് ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയെ കാണാതാകുന്നത്. ചെങ്കുത്തായ താഴ്ചകളും കൊക്കകളും നിറഞ്ഞ ഈ മേഖലയിൽ പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ നൂറംഗ പ്രത്യേക സംഘം തെർമൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വിപുലമായ പരിശോധനയാണ് നടത്തുന്നത്.

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന ഗുരുതരമായ ആരോപണമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. തന്റെ മകൾക്ക് ലഹരി നൽകി ആരെങ്കിലും അപായപ്പെടുത്തിയോ എന്ന് ഭയപ്പെടുന്നതായി അമ്മ രേണുക കണ്ണീരോടെ പങ്കുവെച്ചു. വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കാണാതായി 60 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ശ്രീനന്ദയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ചിക്കമഗളുരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ. കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പമാണ് പെൺകുട്ടി ചിക്കമഗളുരുവിൽ എത്തിയത്. അപകടസാധ്യതയുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരുന്നതിനോടൊപ്പം തന്നെ, തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത മുൻനിർത്തി മറ്റ് അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചാണ് പോലീസ് മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published.