ടീം യു ഡി എഫ് നൂറിലധികം സീറ്റുകള്‍ നേടും, കേരളത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കും-വി.ഡി.സതീശന്‍

അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളത്തെ യു ഡി എഫ് മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നന്തിയില്‍ കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.പ്രവീണ്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി ഭരണത്തെ കേരളത്തിലെ ജനം ചവിട്ടി താഴ്ത്തും. പിണറായി സര്‍ക്കാറിനെതിരെ പ്രതിപക്ഷം ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച കുറ്റപ്പത്രം ജനകീയ കോടതി വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്. അതിന്റെ വിധി ഈ വരുന്ന ഏപ്രില്‍ ഒന്‍പതിന് ഉണ്ടാകും. ടീം യൂ ഡി എഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരിക തന്നെ ചെയ്യും. ഈ സര്‍വ്വെ ഫലങ്ങളൊന്നും വിശ്വസിക്കരുത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വെ ഫലം. എന്നാല്‍ ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ് ഷാഫി വിജയിച്ചത്. പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്ത് എത്തുമെന്നായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീകണ്ഠന്‍ എണ്‍പത്തി അയ്യായിരത്തിലധികം വോട്ടിന് വിജയിച്ച് പാര്‍ലമെന്റിലിരിക്കുകയാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെ പി.രാജീവ് തോല്‍പ്പിക്കുമെന്നായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ട്. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ പി.രാജീവനെ തോല്‍പ്പിച്ചത് ഒരു ലക്ഷത്തി അറുപതിനായിരം വോട്ടിനാണ്. സര്‍വ്വെ റിപ്പോര്‍ട്ടുകളൊക്കെ പോക്കറ്റില്‍ മടക്കി വെച്ചാല്‍ മതി. കേരള മനസ്സിലൊരു സര്‍വ്വെയുണ്ട്. അത് തിരിച്ചറിയുന്നവരാണ് യു ഡി എഫ്. കൊയിലാണ്ടിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും. കോഴിക്കോട് ജില്ലയില്‍ 13 സീറ്റിലും യു ഡി എഫ് വിജയിക്കുമെന്ന് വീ ഡി സതീശന്‍ പറഞ്ഞു.
എണ്ണിയാല്‍ ഒടുങ്ങാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത സര്‍ക്കാറാണ് പിണറായിയുടെത്. ശബരിമല സ്വര്‍ണ്ണ കൊളള നടത്തിയവരെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും നിലനിര്‍ത്തുകയാണ് സി പി എം. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പോകുന്ന കൊളളക്കാരുടെ സര്‍ക്കാരാണിത്.സി പി എം പോളീറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ പറഞ്ഞത് പോലെ ചാരുതയാര്‍ന്ന പ്രസംഗം നടത്തുന്ന പിണറായി വിജയന് ഭാഷാ പണ്ഡിതനുളള അവാര്‍ഡ് നല്‍കണമെന്ന് വി.ഡി.സതീശന്‍ പരിഹസിച്ചു. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരനെ വിളിച്ചത് കുലം കുത്തിയെന്നാണ്. മികച്ച പാര്‍ലമെന്ററിയനായ എന്‍.കെ.പ്രേമചന്ദ്രനെ വിളിച്ചത് പരനാറിയെന്ന്. 60 വര്‍ഷക്കാലം സി പി എം നേതാവായും മന്ത്രിയായും പ്രവര്‍ത്തിച്ച ജി.സുധാകരനെ പരമ ചെറ്റയെന്നും. ഇതിനൊക്കെ കാലം കണക്കു ചോദിക്കുമെന്ന് വി.ഡി.സതീശന്‍ ഓര്‍മ്മിപ്പിച്ചു.
യു ഡി എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.അബൂബക്കര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി കെ.പ്രവീണ്‍ കുമാര്‍,എ ഐ സി സി നിരീക്ഷകന്‍ അമീര്‍ കാസിം,വി.പി.ഭാസ്‌ക്കരന്‍,കെ.പി.ബാബു,രാമകൃഷ്ണന്‍ കിഴക്കയില്‍,രൂപേഷ് കൂടത്തില്‍,തെന്‍ഹീര്‍ കൊല്ലം,കെ.കെ.റിയാസ് തിക്കോടി,പപ്പന്‍ മൂടാടി,പി.വി.കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.