ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകൻ രഞ്ജിത്തിനെ ഫോർട്ട്കൊച്ചി ആസ്പിൻവാൾ പരിസരത്തും എറണാകളും പോലീസ് ആംഡ് റിസർവ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള കാരവനിലുമെത്തിച്ച് ഞായറാഴ്ച തെളിവെടുത്തു.തിങ്കളാഴ്ച വൈകീട്ട് നാലു വരെയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടതെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ തെളിവെടുപ്പ് പൂർത്തിയായ ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഇതേ തുടർന്ന് രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പോലീസ് ചോദ്യം ചെയ്യലിൽ തനിക്കെതിരേയുള്ള ലൈംഗികാതിക്രമ ആരോപണം രഞ്ജിത്ത് നിഷേധിച്ചു.

         ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എറണാകുളം വനിതാ സ്‌റ്റേഷനിൽനിന്ന് രഞ്ജിത്തിനെ ഫോർട്ട്കൊച്ചി ആസ്പിൻവാൾ പരിസരത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയത്. ജനുവരി 30-ന് ഈ ലൊക്കേഷനിൽ രഞ്ജിത്ത് യുവനടിയോട് മോശമായി പെരുമാറി എന്നാണ് പരാതി. 11.15-ഓടെയാണ് എറണാകുളം ആംഡ് റിസർവ് ക്യാമ്പിലേക്ക് എത്തിച്ചത്.ആസ്പിൻവാൾ ലൊക്കേഷനിലുണ്ടായിരുന്ന കാരവനിലുള്ളിലാണ് സംഭവം നടന്നതെന്നാണ് യുവനടിയുടെ മൊഴിയിലുള്ളത്. ലൊക്കേഷനിലുണ്ടായിരുന്ന രണ്ട് കാരവനുകൾ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ആംഡ് റിസർവ് ക്യാമ്പിലെത്തിച്ചിരുന്നു. ഇതിൽ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാരവനിലുള്ളിലേക്ക് അന്വേഷണസംഘം രഞ്ജിത്തിനെ കയറ്റിയാണ് തെളിവെടുത്തത്.

          പതിനഞ്ച് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ആരോഗ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓരോ 24 മണിക്കൂറിലും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി നിർദേശമുണ്ട്.

Leave a Reply

Your email address will not be published.