യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ അവസരങ്ങളുടെ നാടായി കേരളം മാറും: ശശി തരൂര്‍ എം.പി

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ തൊഴില്‍ അന്വേഷകര്‍ക്കുംസംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന വിധം അവസരങ്ങളുടെ നാടായി കേരളത്തെ മാറ്റുമെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.പ്രവീണ്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുറക്കാട് അകലാപ്പുഴയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തൊമ്പാതാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ പറഞ്ഞാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്‍ ഡി എ പതിനാറാം നൂറ്റാണ്ടിലെ കാര്യവും. കേരളത്തെ ഒരു വിധത്തിലും ഇവര്‍ക്ക് മുന്നോട്ട് കൊണ്ടു പോകാന്‍ ആവില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന പരമായ മാറ്റം കേരളത്തിനാവശ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് യോജിച്ച തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഇവിടെ പഠിപ്പിക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ബയോ ടെക്‌നോളജി, ബയോ ജെനിറ്റിക്‌സ് തുടങ്ങിയ കോഴ്‌സുകള്‍ വേണം. നല്ല ബിസിനസ് സംരംഭങ്ങളിലൂടെ മാത്രമേ നമ്മുടെ ഭാവി രൂപപ്പെടുത്താനാവുകയുള്ളു. ഇതിന് സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിക്കണം. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടത് സര്‍ക്കാര്‍ ഒന്ന് ചെയ്തില്ല. നിക്ഷേപകരെ സംരക്ഷിക്കാനാവശ്യമായ നിയമം കൂടിയേ തീരു. പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി കിട്ടണമെന്നില്ല. എന്നാല്‍ നിലവിലുള്ള സര്‍ക്കാര്‍ തസ്തികകളില്‍ പി എസ് സി നിയമനം നടത്തണം. അതു ചെയ്യുന്നില്ലെങ്കില്‍ പിന്‍വാതിലിലൂടെ അനധികൃത നിയമനം തകൃതിയായി നടക്കും. ഇതോടെ റാങ്ക് ലീസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാവും. നിയമന നടപടികള്‍ സുതാര്യമാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ പുനസംഘടിപ്പിക്കണം. യഥാര്‍ത്ഥ ലോക സാഹചര്യം മനസ്സിലാക്കിയുളള വിദ്യാഭ്യാസമാണ് വേണ്ടത്. എല്ലാ കോളേജുകളിലും ഏകീകൃത സിലബസ് തന്നെ പഠിപ്പിക്കണമെന്ന് വാശി പിടിക്കരുത്. ഓരോ കോളേജുകളുടെയും സാഹചര്യം പരിഗണിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. കടലോര മേഖലയിലെ കോളേജുകളില്‍ സമുദ്രശാസ്ത്ര സംബന്ധമായ കോഴ്‌സുകളാണ് പഠിപ്പിക്കേണ്ടത്. ചടങ്ങിൽ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും യുവാക്കളും മറ്റ് തലങ്ങളിലെ ആളുകളും സംവാദത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.