കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം വോട്ടർമാർക്ക് പുതിയൊരു അനുഭവമായി. സ്വീപ്പ് (SVEEP) ക്യാമ്പയിന്റെ ഭാഗമായി നടന്ന ഈ പ്രദർശനം, നൂറ് ശതമാനം പൂർത്തിയാക്കിയ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR), കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ശ്രദ്ധേയമായ നിമിഷങ്ങൾ, സി.ഇ.ഒ ഓഫീസിന്റെ മറ്റ് പ്രധാന സംരംഭങ്ങൾ എന്നിവയെല്ലാം പൊതുജനങ്ങൾക്കായി തുറന്നുകാട്ടി.
തിരഞ്ഞെടുപ്പ് പ്രക്രിയയെ അടുത്തറിയാൻ ചിത്രങ്ങൾക്കൊപ്പം വി.ആർ (Virtual Reality) സാങ്കേതിക വിദ്യയിലൂടെയുള്ള വോട്ടിംഗ് അനുഭവവും, ‘ഇലക്ഷൻ ക്വസ്റ്റ്’ ഗെയിമും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. ജില്ലാ കളക്ടർ ഡോ. സ്നേഹിൽ കുമാർ ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ ഡോ. മോഹനപ്രിയ ഐ.എ.എസ് എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. വോട്ടർ ബോധവൽക്കരണത്തിലൂടെ ജനാധിപത്യം കൂടുതൽ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യവുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
