കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ കാളിയാട്ടം വെളളിയാഴ്ച നടക്കും. അപൂര്‍വ്വമായ ആചാര വൈവിധ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന ദിനമാണ് കാളിയാട്ടം. അതി രാവിലെ മുതല്‍ കാവിലമ്മയുടെ ദര്‍ശനം തേടി ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തുന്ന പുണ്യ ദിനമാണിത്. വൈകീട്ട് കൊല്ലത്ത് അരയന്റെയും വെട്ടുവരുടെയും, തണ്ടാന്റെയും വരവുകളും, മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പിഷാരികാവിലമ്മയുടെ പുറത്തെഴുന്നള്ളിപ്പാണ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം. തുടര്‍ന്ന് ക്ഷേത്രം കിഴക്കെ നടയിലൂടെ പിഷാരികാവിലമ്മ ഊരു ചുറ്റാനിറങ്ങും.നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റി തിരിച്ചു പാലച്ചുവടിലെത്തും. തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിന് ശേഷം ക്ഷേത്രത്തിലെത്തി കൃഷ്ണപക്ഷ ദ്വിതീയതയും ചോതി നക്ഷത്രവും കൂടിയ രാത്രി 11.30നും 12 മണിയ്ക്കും ഇടയിലുളള മുഹൂര്‍ത്തത്തില്‍ വാളകം കൂടും.
വലിയ വിളക്ക് ദിവസമായ വ്യാഴാഴ്ച ആബാലവൃന്ദം ജനങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രാവിലെ മുതല്‍ നാടിന്റെ നാനാ ഭാഗത്ത് നിന്ന് വാഹനങ്ങളിലും കാല്‍ നടയായും ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി.മന്ദമംഗലത്തു നിന്നുള്ള ഇളനീര്‍ കുലവരവും വസൂരി മാല വരവും ദര്‍ശിക്കുകയായിരുന്നു ഭക്തരുടെ ലക്ഷ്യം. ചുട്ടുപൊളളുന്ന വെയില്‍ കണക്കാക്കാതെ പാതയോരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. ഭക്തി സാന്ദ്രമായിരുന്നു വസൂരി മാല വരവ്. പഞ്ചവാദ്യവും താലപ്പൊലിയും മുത്തുകുടകളും വസൂരി മാല വരവിനെ ആകര്‍ഷകമാക്കി. വൈകീട്ട് മൂന്ന് മണിയോടെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ആചാരാനുഷ്ഠാന വരവുകളും ആഘോഷ വരവുകളും പിഷാരികാവണഞ്ഞു. തണ്ടാന്റെ അരങ്ങോല വരവ് കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ് , കൊല്ലന്റെ തിരുവായുധ വരവും പാവുവയല്‍ തൃശൂലം വരവ്,പാവുവയല്‍ മണിമാല വരവ് തുടങ്ങി മറ്റ് അനേകം അവകാശ വരവുകളും ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് കാഴ്ച ശീവേലിയ്ക്ക് ഡോ. ശുകപുരം ദിലീപ് നേതൃത്വം നല്‍കി.രാത്രി 11 മണിക്ക് ശേഷം ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ് നടന്നു. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിച്ചു. ഒന്നാം പന്തി മേളത്തിന് ഡോ. ശുകപുരം ദിലീപും രണ്ടാം പന്തിമേളത്തിന് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരും പ്രമാണിമാരായി. വാദ്യ കലാകാരന്മാരായ കല്ലൂര്‍ ജയന്‍, ശിവപുരം രഞ്ജിത്ത്, പനമണ്ണ മനോഹരന്‍, വിനയന്‍ കൊയിലാണ്ടി ,കല്ലുവഴി പ്രകാശന്‍, കലാമണ്ഡലം രതീഷ്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്‍, നിഖില്‍ കൊളപ്പുറത്ത് എന്നിവരടക്കം 150 കലാകാരന്മാരെ അണിനിരത്തിയായിരുന്നു മേളം.പുലര്‍ച്ചെ വാളകം കൂടി.
