ഗുജറാത്ത് വിദ്യാഭ്യാസ മേഖലയിൽ 11,000 വിദ്യാസഹായക് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. ഗുജറാത്ത് സ്റ്റേറ്റ് പ്രൈമറി എജ്യുക്കേഷൻ സെലക്ഷൻ കമ്മിറ്റിയാണ് ഗുജറാത്തി മീഡിയം പ്രൈമറി സ്കൂളുകളിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജില്ലാ, നഗര വിദ്യാഭ്യാസ സമിതികൾക്ക് കീഴിലുള്ള ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം.
ഏപ്രിൽ 15-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിക്കും. ഏപ്രിൽ 24-ന് ഉച്ചയ്ക്ക് 3 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം. നിശ്ചിത കേന്ദ്രങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന സമയം അതേദിവസം വൈകിട്ട് 5 മണി വരെയാണ്. ഡി.എൽ.എഡ് (D.El.Ed.) ബിരുദവും ടെറ്റ്-1 (TET-1) പരീക്ഷാ വിജയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. നിലവിൽ ഡി.എൽ.എഡ് അവസാന വർഷം പഠിക്കുന്ന ടെറ്റ്-1 വിജയിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഇവർക്ക് ഫലം വന്നതിന് ശേഷം മാർക്ക് ഷീറ്റുകൾ അപ്ലോഡ് ചെയ്യാവുന്നതാണ്.
പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആകെ ഒഴിവുകളുടെ നാല് ശതമാനം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റായ https://dpegujarat.in-ൽ പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്നതിന് മുൻപ് വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
