പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട യുവാവും അതിഥി തൊഴിലാളിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് പേരെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് സഹോദരന്മാരടക്കമുള്ള സംഘമാണ് അക്രമം നടത്തിയത്. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരെ പ്ലൈവുഡ് കമ്പനിയിൽ നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത്.
തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്ലൈവുഡ് കമ്പനിയിലെ ‘കോർ’ ഉപയോഗിച്ചാണ് യുവാവിനെ അടിച്ചത്. മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
