പേരാമ്പ്ര: പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്‍ഡിഎഫ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള അനൗണ്‍സ്‌മെൻ്റ് വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്‌ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിന്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗൺസ്‌മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെന്റിൽ പറയുന്നുണ്ട്.
