തെരഞ്ഞെടുപ്പു കാലത്ത് സ്വകാര്യ, ഔദ്യോഗിക വാഹനങ്ങളിലോ മറ്റേത് യാത്രാ വാഹനങ്ങളിലോ നിശ്ചിത തുകയിൽ കൂടുതൽ പണവുമായി സഞ്ചരിക്കുകയാണെങ്കിൽ പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖ കൈയിലുണ്ടാവണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘത്തെയാണ് വാഹന പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്.
മതിയായ രേഖകളില്ലാത്ത പണം യാത്രക്കാരുടെ കൈവശമുണ്ടെങ്കിൽ ഇവ പിടിച്ചെടുക്കുന്ന സംഘം പണത്തിന്റെ തോത് അനുസരിച്ച് വിവിധ ഏജൻസികൾക്ക് കൈമാറുമെന്ന് വാഹന പരിശോധനയുടെ സംസ്ഥാന ചുമതലയുള്ള ഉദ്യോഗസ്ഥൻ ജെറോമിക്ക് ജോർജ്ജ് പറഞ്ഞു.
50000മോ അതിന് മുകളിലോ പണം കൈവശമുണ്ടെങ്കിൽ അതിന് രേഖ നിർബന്ധമാണ്. അത് ഇനി സുഹൃത്തിൽ നിന്നോ മറ്റ് പരിചയക്കാരിൽ നിന്നോ വായ്‌പ വാങ്ങിയതാണെങ്കിൽ കൂടി അതിന് രേഖയുണ്ടാവണം. പത്ത് ലക്ഷമോ അതിന് മുകളിലോ ആണ് രേഖയില്ലാതെ കൈവശം വച്ചിരിക്കുന്ന തുകയെങ്കിൽ അത് പിടിച്ചെടുത്ത് ആദായനികുതി വകുപ്പിന് കൈമാറും. പത്ത് ലക്ഷത്തിൽ താഴെ രേഖയില്ലാതെ പിടിച്ചെടുക്കുന്ന പണത്തിന്റെ സ്രോതസ്സ് പിന്നീട് വേണമെങ്കിലും തെളിയിക്കാം. ഇതിനായി ജില്ലകളിൽ പരാതി പരിഹാര സംവിധാനമുണ്ട്. ജില്ലാ കളക്‌ടറെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിക്കുന്ന ഒരു നോഡൽ ഓഫീസറും ഇതിൽ അംഗമാണ്. പണത്തിന്റെ യഥാർത്ഥ സ്രോതസ് സമർപ്പിച്ച് ഈ സംവിധാനത്തെ സമീപിക്കാം. അപേക്ഷിക്കുന്നയാൾ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാവും പണം വിട്ട് നൽകുക. ഇത് തെളിയിക്കാനായില്ലെങ്കിൽ പിന്നാലെ അന്വേഷണമുണ്ടാവും. അതിന്റെ റിപ്പോർട്ട് അനുസരിച്ചാവും തുടർ നടപടികൾ.
പരിശോധനയ്ക്കിടയിൽ ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിന്റെ അളവിൽ കൂടുതൽ മദ്യക്കുപ്പികൾ ഉണ്ടെങ്കിലും പിടിച്ചെടുത്ത് എക്‌സൈസിന് കൈമാറും. കൊണ്ടുനടക്കാവുന്ന അളവിലുള്ള മദ്യവും രേഖയില്ലാതെ യാത്ര ചെയ്യുമ്പോൾ കൈവശം വയ്ക്കാനാവില്ല. മയക്കുമരുന്ന്, എംഡിഎംഎ അടക്കമുള്ളവയും പിടിച്ചാൽ എക്‌സൈസിനും അതത് വകുപ്പുകൾക്കും കൈമാറും.
വാഹന പരിശോധനയ്ക്ക് പൊലീസ് അടക്കമുള്ള പ്രത്യേക സംഘത്തെയാണ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. വിവിധ കേന്ദ്ര ഏജൻസികളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പരിശോധനാ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്റ്റാറ്റിക്ക് സർവ്വയലൻസ് ടീം (എസ്എസ്‌ടി), ഫ്‌ളയിംഗ് സ്‌ക്വാഡ് (എഫ്.ടി) എന്നിങ്ങനെ രണ്ട് സംഘങ്ങളുടെ മൂന്ന് ടീമുകളാണ് ഒരു നിയോജകമണ്ഡലത്തിൽ പരിശോധന നടത്തുന്നത്. ഇതിൽ എസ്എസ്‌ടിയാണ് സാധാരണ വാഹന പരിശോധന നടത്തുക.
