ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആലുവയിൽ നിന്ന് വടകരയിലുള്ള വീട്ടിലേക്ക് സ്റ്റഡി ലീവിനായി വരികയായിരുന്നു ഐശ്വര്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ട്രെയിൻ കടലുണ്ടി പിന്നിട്ട് ഫറോക്കിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ജനാലയിലൂടെ കല്ല് അകത്തേക്ക് പതിച്ചത്. ജനാലയ്ക്കരികിൽ ഇരുന്ന ഐശ്വര്യയുടെ മുഖത്താണ് കല്ല് വന്ന് പതിച്ചത്.
കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നാല് മുൻപല്ലുകൾ പൂർണ്ണമായും തകർന്നുപോയി. പെൺകുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ വിഭാഗം (RPF) പ്രദേശം നിരീക്ഷിച്ചുവരികയാണ്. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്
