കൊയിലാണ്ടി: എല്ലായ്‌പ്പോഴും ക്ഷേത്രങ്ങളെ കുറിച്ചും മത വിശ്വാസങ്ങളെ കുറിച്ചും വാചാലനാവുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡി ലോക പ്രശസ്തമായ ശബരിമലയില്‍ ഇടത് സര്‍ക്കാര്‍ നടത്തിയ സ്വര്‍ണ്ണ കൊളളയെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കൊയിലാണ്ടിയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണം കവര്‍ന്ന കാട്ടു കളളന്‍മാരെ സംരക്ഷിക്കുകയാണ് മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നത്. സ്വര്‍ണ്ണ കൊളളക്കാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇതിന് കൂട്ടു നിന്നു.ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കേസില്‍ സി ബി ഐയോ ആദയ നികുതി വകുപ്പോ മറ്റ് കേന്ദ്ര ഏജന്‍സികളോ ഒരു അന്വേഷണവും നടത്തുന്നില്ല. ഇക്കാര്യത്തില്‍ മോഡിയും പിണറായിയും തമ്മിലുളള രഹസ്യ അജണ്ട കേരളക്കാര്‍ക്കെല്ലാമറിയാം. ബി.ജെ.പിയെയോ,മോഡിയെയോ വിമര്‍ശിക്കുന്നവരെ കളളകേസില്‍ കുടുക്കി ജയിലടയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. തന്റെ പേരില്‍ മാത്രം 36 കേസുകള്‍ എടുത്തു. ബി ജെ പിയെ എതിര്‍ത്തതിന് കേസെടുത്തവര്‍ മുഖ്യമന്ത്രിയും കുടുംബവും ചെയ്ത അഴിമതികളെ കുറിച്ചു അന്വേഷിക്കുന്നില്ല.കേരളത്തിലെ മുഴുവന്‍ പേര്‍ക്കുമറിയാം മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന്. ഇത്തരമൊരു മുഖ്യമന്ത്രിയെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ക്ക് എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയുന്നുവെന്ന് രാഹുല്‍ ചോദിച്ചു. എല്ലാ മേഖലയിലും കേരളം പിന്നാക്കം പോയി.കാര്‍ഷിക രംഗം മുരടിച്ചു. വ്യവസായങ്ങള്‍ വളരുന്നില്ല. ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യമില്ല. എല്ലാ രംഗത്ത് പരാജയപ്പെട്ട മുഖ്യമന്ത്രി നാടുവാഴിയെ പോലെയാണ് പെരുമാറുന്നത്. അതു കൊണ്ടു തന്നെ മുഖ്യമന്ത്രി രാജാവല്ലെന്ന് ഇടത് മുന്നണി പ്രവര്‍ത്തകര്‍ പോലും പറഞ്ഞ് തുടങ്ങി.
അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് മോഡി രാജ്യം ഭരിക്കുന്നത്. അദാനിയുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് മോഡി ഭരിക്കുന്നത്.ഇന്ത്യയിലെ തുറമുഖങ്ങള്‍,വിമാനത്താവളങ്ങള്‍,റോഡുകള്‍,ഊര്‍്ജജം എന്നിവയെല്ലാം അദാനിയ്ക്ക് തീരെഴുതുകയാണ്. മോഡിയുടെ പ്രതിച്ഛയ ഊതി വീര്‍പ്പിച്ച ബലൂണാണ്. ട്രമ്പിന്റെ കയ്യിലിരിക്കുന്ന സൂചി കൊണ്ട് ബലൂണിനെ കുത്തിയാല്‍ പൊട്ടി തകരുന്ന പ്രതിഛായയെ മോഡിക്കുളളു.
മധ്യേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഭയാനകമാണ്. ലോകത്ത് വന്‍ സാമ്പത്തിക -തൊഴില്‍ പ്രതിസന്ധി ഈ യുദ്ധമുണ്ടാക്കും. പെട്രോള്‍ വില കുത്തനെ ഉയരാന്‍ പോകുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരും. ഇവിടെ നിന്ന് തൊഴില്‍ തേടി പോയ ലക്ഷക്കണക്കിന് പ്രവാസികളെ യുദ്ധം ബാധിക്കും. എന്നാല്‍ ഇതേ കുറിച്ച് മോഡിയോ പിണറായി വിജയനോ ആശങ്കപ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്ക് കെ.എസ് ആര്‍ ടി സി ബസ്സില്‍ സൗജന്യ യാത്ര,ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ തുടങ്ങി അഞ്ച് പ്രധാന വാഗ്ദാനങ്ങള്‍ യു ഡി എഫ് മുന്നോട്ട് വെക്കുന്നു. അതേ പോലെ മുതിര്‍ന്നവര്‍ക്ക് 3000 രൂപക്ഷേമ പെന്‍ഷന്‍ നല്‍കും. ആരോഗ്യ മേഖലയില്‍ പുത്തനുണര്‍വ്വ് ഉണ്ടാക്കും. സ്‌നേഹവും വിനയവും സഹാനുഭൂതിയും കൈമുതലാക്കിയവര്‍ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേല്‍ക്കും. വിദ്യേഷത്തിന്റെയും വെറുപ്പിന്റെയും കൊടുംങ്കാറ്റിന് പകരം സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും കാറ്റാണ് ഇവിടെ വീശേണ്ടത്. എ.ഐ.സി.സി. ജന. സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശാദിഖലി ശിഹാബ് തങ്ങള്‍,ഷാഫി പറമ്പില്‍ എം.പി സ്ഥാനാര്‍ഥി കെ. പ്രവീണ്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു.
