നാദാപുരത്ത് അഡീഷണൽ എസ്ഐ ഉൾപ്പെടെ മൂന്ന് പേരെ തെരുവ് നായ ആക്രമിച്ചു. നാദാപുരം സ്റ്റേഷനിലെ എഎസ്ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാവിലെ നായയുടെ കടിയേറ്റത്.
പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എഎസ്ഐ മനോജിനെ നായ ആക്രമിച്ചത്. പോലീസ് സ്റ്റേഷന് സമീപത്തെ ആയിഷ ക്വാർട്ടേഴ്സിൽ വെച്ചാണ് ഇതര സംസ്ഥാന കെട്ടിട നിർമാണ തൊഴിലാളികളായ അബ്ദുദുൽ ഹഖ്, അസ്മാമാഉൽ ഹഖ് എന്നിവരെയാണ് നായ കടിച്ചത്. മൂന്ന് പേരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി തെരുവ് നായ ആക്രമണം രൂക്ഷമാണ്. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി വൃദ്ധരും കുട്ടികളുമടക്കം നൂറിലധികം പേർക്ക് അടുത്തകാലത്തായി തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
