ദേശീയപാത അതോറിറ്റി ഫാസ്റ്റാഗ് വാർഷിക പാസ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 1 മുതൽ നിലവിൽ 3,000 രൂപയായിരുന്ന പാസ് നിരക്ക് 3,075 രൂപയായി ഉയരും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ വർധനവ് ബാധകമാകുന്നത്.
2025 ആഗസ്റ്റിൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇതിനകം തന്നെ 56 ലക്ഷത്തിലധികം പേർ പങ്കുചേർന്നിട്ടുണ്ട്. ഏപ്രിൽ ഒന്നിന് മുമ്പ് പാസ് എടുക്കുന്നവർക്ക് പഴയ നിരക്കായ 3,000 രൂപയ്ക്ക് തന്നെ പാസ് ലഭ്യമാകും. അധിക ചെലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം തന്നെ പുതുക്കൽ നടപടികൾ പൂർത്തിയാക്കുന്നതാണ് ഉചിതം.
ദേശീയപാത അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ‘രാജ്മാർഗ് യാത്ര’ മൊബൈൽ ആപ്പ് വഴിയോ പാസ് എളുപ്പത്തിൽ സ്വന്തമാക്കാം. ആപ്പിൽ ലോഗിൻ ചെയ്ത് വാഹന വിവരങ്ങൾ നൽകി ഓൺലൈനായി പണമടച്ചാൽ പാസ് സജീവമാകും. ഓരോ തവണയും ടോൾ പ്ലാസകളിൽ പണമടയ്ക്കുന്നതിനും ഫാസ്റ്റാഗ് റീചാർജ് ചെയ്യുന്നതിനും ഉള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാം.
ഒരു വർഷത്തേക്ക് സാധുവായ ഈ പാസ് ഉപയോഗിച്ച് 200 തവണ ടോൾ കടക്കാം. പതിവ് ദീർഘദൂര യാത്രക്കാർക്ക് ടോൾ ചെലവിൽ 80 ശതമാനം വരെ ലാഭം നേടാൻ ഇത് സഹായിക്കും. കൂടാതെ, ടോൾ ബൂത്തുകളിലെ നീണ്ട നിരകൾ ഒഴിവാക്കാനും ഇന്ധനവും സമയവും ലാഭിക്കാനും സാധിക്കും. രാജ്യത്തുടനീളം ഏകദേശം 1,150 ടോൾ പ്ലാസുകളിൽ ഈ സൗകര്യം ലഭ്യമാണ്.
എങ്കിലും, നിരക്കുകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പാസ് എടുക്കുന്നതിന് മുമ്പ് ബാങ്ക് അല്ലെങ്കിൽ ഫാസ്റ്റാഗ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ വിവരങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്
