മലമ്പനി, മന്ത് രോഗപ്രതിരോധം ലക്ഷ്യമിട്ട് ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ദക്ഷിണ റെയില്‍വേ ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടപ്പാക്കുന്ന ‘ഹമാര മെഹമാന്‍ സ്വസ്ഥ് മെഹമാന്‍’ റെയില്‍വേ എന്‍ട്രി പോയിന്റ് സ്‌ക്രീനിങ് പ്രോഗ്രാമിന് തുടക്കമായി. കോഴിക്കോട്, വടകര റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രി വന്നിറങ്ങുന്ന അതിഥി തൊഴിലാളികള്‍ക്ക് മലമ്പനി, മന്ത് രോഗനിര്‍ണയ പരിശോധന നടത്തുകയും പോസിറ്റീവ് ആകുന്നവര്‍ക്ക് തുടര്‍ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പരിപാടി. നേരത്തെയുള്ള രോഗനിര്‍ണയത്തിലൂടെ ജില്ലയില്‍ തദ്ദേശീയരിലേക്ക് രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വഹിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സി കെ ഹരീഷ് അധ്യക്ഷനായി. സതേണ്‍ റെയില്‍വേ കോഴിക്കോട് ഡി.എം.ഒ ഡോ. ബ്രയോണ്‍ ജോണ്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ്, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ പി നാരായണന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍, കോഴിക്കോട് റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജി സിന്ധു, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, അസി. എന്റമോളജിസ്റ്റ് ഷാജിമോന്‍ ആര്‍ രാമായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യു എന്‍ സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
