കോഴിക്കോട്: ഈസ്റ്റ് നടക്കാവ് പ്രദേശത്ത് വില്പനയ്ക്കായി എത്തിച്ച 797.4 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പാണ്ടികശാല പറമ്പിൽ ജനീഷ് (35) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് പിടികൂടി.
രാത്രിയിൽ നടക്കാവ് പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ഈസ്റ്റ് നടക്കാവ് സി.എച്ച് ക്രോസ് റോഡിൽ എത്തിയപ്പോൾ പോലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ തടഞ്ഞ് ചോദ്യം ചെയ്തു. തുടര്ന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കയ്യിലുള്ള കവറിൽ നിന്ന് 797.4 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിൽപ്പന നടത്തിയതായി സംശയിക്കുന്ന 5,610 രൂപയും കണ്ടെടുത്തു.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ കർശന പരിശോധന തുടരുകയാണ്. ഡാൻസാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സംഘവും നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കിരൺ, സി.പി.ഒമാരായ രജീഷ്, സുകു, അനീഷ്, പ്രസാദ്, ഹോംഗാർഡ് പ്രദീപൻ എന്നിവരും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
