കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ്. കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെ കേന്ദ്രമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി മറ്റു പാർട്ടിക്കാർ ഏറെ ചർച്ചാവിഷയമാക്കിയേക്കും.
2016-ൽ കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങൾ ഉൾപ്പെടുത്തി എയിംസ് സ്ഥാപിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും, 2025-ൽ കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി മറുപടിയിൽ സൂചിപ്പിച്ചു. എന്നിരുന്നാലും, ഈ നിർദ്ദേശങ്ങൾക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്ന് മറുപടിയിൽ വ്യക്തമാക്കി.
