പതിനഞ്ച് വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിച്ചുനീക്കണമെന്ന കേന്ദ്ര നിബന്ധന മറികടക്കാൻ രജിസ്‌ട്രേഷൻ നടപടികളിൽ തന്ത്രപരമായ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മലിനീകരണം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വാഹന പൊളിക്കൽ നയം പ്രകാരം കാലാവധി കഴിയുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ‘വാഹൻ’ സോഫ്റ്റ്‌വേർ തനിയെ റദ്ദാക്കാറുണ്ട്. ഇത് തടയാനായി സോഫ്റ്റ്‌വേറിൽ നിലവിലുള്ള ‘സർക്കാർ വക’ എന്ന വിഭാഗം മാറ്റി ‘മറ്റു വിഭാഗങ്ങൾ’ എന്നാക്കി മാറ്റാനാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ നിർദ്ദേശം.
ആദ്യഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും അയ്യായിരത്തോളം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇത്തരത്തിൽ റദ്ദായിരുന്നു. ഈ വാഹനങ്ങൾക്ക് അഞ്ച് വർഷം കൂടി ഉപയോഗാനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സോഫ്റ്റ്‌വേറിൽ മാറ്റം വരുത്താൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതികമായി തടസ്സം നീക്കാൻ സോഫ്റ്റ്‌വേറിലെ വിഭാഗം തന്നെ മാറ്റുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വകുപ്പുകൾ ഈ അനുമതി ഉപയോഗപ്പെടുത്തി ആയിരത്തിലധികം പഴയ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനായി കേന്ദ്രത്തിൽ നിന്ന് 100 കോടി രൂപ സഹായധനം കൈപ്പറ്റിയ ശേഷമാണ് സംസ്ഥാനം അവ വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പല വാഹനങ്ങളും നന്നാക്കിയെടുക്കാൻ വലിയ തുക ചെലവാകുമെന്ന വെല്ലുവിളിയും നിലനിൽക്കുന്നുണ്ട്. വകുപ്പ് മേധാവികൾ അപേക്ഷ നൽകുന്ന മുറയ്ക്ക് ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകാനും സ്റ്റേറ്റ് ഇൻഷുറൻസ് വഴി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
