ജൻ ഔഷധി കേന്ദ്രസർക്കാർ നയത്തിനെതിരെ ഫാർമസിസ്റ്റുകൾ പോസ്റ്റ്ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കൊയിലാണ്ടി മുഖ്യ തപാൽ ഓഫീസിലേയ്ക്ക് ഫാർമസിസ്റ്റുകൾ മാർച്ചും ധർണ്ണയും നടത്തി. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ഔഷധങ്ങൾ ഡിസ്പെൻസ് ചെയ്യുന്നതുമായി ബസപ്പെട്ട് കൃത്യമായ നിയമ വ്യവസ്ഥകൾ നിലവിലുള്ളപ്പോൾ പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന നിയമവിരുദ്ധമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നാണ് അസോസിയേഷൻ ആവശ്യം.

അമിതമായ ആൻ്റിബയോട്ടിക് ഉപയോഗം മൂലം ഇന്ത്യ ഇപ്പോൾ ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റുകൾ വഴി ആന്റിബയോട്ടിക്ക് വിൽപ്പന നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കി വരികയാണ്. യോഗ്യതയുള്ള ഫാർമസിസ്റ്റുമാരുടെ മേൽനോട്ടം ഇല്ലാതെ മരുന്നുകളുടെ സംഭരണവും വിതരണവും അനുവദിക്കുന്നത് ഈ നിയന്ത്രണ ശ്രമങ്ങളെ ഗുരുതരമായി ദുർബലപ്പെടുത്തും.

ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ ബ്രാൻഡണ്ട് നാമത്തിലുള്ള മരുന്നുകൾക്ക് പകരം ജനറിക് നാമത്തിലുള്ള മരുന്നുകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ ഔഷധ സാക്ഷരത നേടിയ ഫാർമസിസ്റ്റുകൾ ഉണ്ടാകേണ്ടത് വളരെ നിർബന്ധമാണ്. പൊതുജനാരോഗ്യം മുന്നിൽ കണ്ടു കൊണ്ടുള്ള ഫാർമസി നിയമങ്ങൾ ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ അതിനെ അവഗണിക്കുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ഒരോ വർഷവും രാജ്യത്തെ 4900 ഫാർമസി കോളേജുകളിൽ നിന്നായി 3.7 ലക്ഷം ഫാർമസി വിദ്യാർഥികൾ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. ഏരിയ പ്രസിഡൻ്റ് അശ്വതി പവിത്രൻ അധ്യക്ഷയായി, എരിയ സെക്രട്ടറി ധീരജ് ഗോപാൽ സ്വാഗതം പറഞ്ഞു. സുകുമാരൻ ചെറുവത്ത്, എ. ശ്രീശൻ, അനിൽ കുമാർ.കെ, അനിൽകുമാർ പി.കെ കീഴരിയൂർ, ശ്രുതി. കെ.കെ എന്നിവർ സംസാരിച്ചു. മാർച്ചിന്ന് ദീപ്തി.ഡി, രാജൻ.കെ, സജിന.എസ്.കെ, ഷിചിത്ര.പി, അരുൺ.യു.പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.