വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കൽ, രാസവസ്തുക്കൾ പോലുള്ള മാലിന്യങ്ങൾ എന്നിങ്ങനെയാണു തരംതിരിക്കേണ്ടത്.
കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് ഇവ നടപ്പാക്കാൻ ശുചിത്വമിഷൻ നിർദേശം.
ഭക്ഷണാവശിഷ്ടങ്ങൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, കപ്പുകൾ, കാനുകൾ, കവറുകൾ, ചിരട്ടകൾ, പച്ചക്കറി പഴ അവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്നറുകൾ തെരുവു കച്ചവടക്കാർ കരുതണം. നൂറിലധികം പേരുള്ള പരിപാടികൾ നടത്തുമ്പോൾ 3 പ്രവൃത്തി ദിനം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. പുനരുപയോഗിക്കാനോ ഊർജാവശ്യങ്ങൾക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാൻ അനുവാദമുള്ളൂ.
