കോഴിക്കോട്: പുതിയറ ജംഗ്ഷന് സമീപം വൈകിട്ട് 5 മണിയോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് ശക്തമായ പുക ഉയർന്ന് ഭീതി പരത്തിയപ്പോൾ സമീപത്തുള്ള കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ സ്റ്റാഫംഗങ്ങൾ ആശുപത്രിയിലെ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സമയോചിതമായി പ്രവർത്തിപ്പിച്ച് കാർ കത്താതെ സുരക്ഷിതമാക്കി.
എല്ലാവർഷവും ഇവിടെ മാനേജ്മെൻ്റ് സ്റ്റാഫ് അംഗങ്ങൾക്ക് അഗ്നിസുരക്ഷാ പരിശീലനം ഫയർ & സേഫ്റ്റി ഡിപ്പാർട്ട്മെൻ്റുമായി ചേർന്ന് നടത്തിവരുന്നുണ്ട്. ഇത് വലിയ അപകടം നടക്കുന്നതിൽ നിന്നും രക്ഷയായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിലെ എട്ടോളം ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് ജീവനക്കാർ കാർ സുരക്ഷിതമാക്കിയത്. തുടർന്ന് ആശുപത്രിയിൽ നിന്നും വിവരം ഫയർഫോഴ്സിൽ അറിയിക്കുകയും, ബീച്ച് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ എത്തി വെള്ളമടിച്ച് പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ മനസ്സാന്നിധ്യത്തെയും പ്രവർത്തനത്തെയും അഗ്നിശമനാ ജീവനക്കാരും പോലീസും അഭിനന്ദിച്ചു.
