ഈസ്റ്റർ ദിനത്തിലെ ജെ.ഇ.ഇ മെയിൻ പരീക്ഷ നിശ്ചയിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ

ഈസ്റ്റർ ദിനത്തിലെ ജെ.ഇ.ഇ പരീക്ഷ നിശ്ചയിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ. ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പകരം തീയതി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 28 ആണ്.അപേക്ഷയിൽ ആപ്ലിക്കേഷൻ നമ്പർ, നിലവിലെ പരീക്ഷാ തീയതി, മാറ്റം ആവശ്യപ്പെടാനുള്ള കാരണം എന്നിവ വ്യക്തമാക്കണം.

 

പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി വിഷയം പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയത്.

പരീക്ഷാ തീയതി നിശ്ചയിച്ചത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോതമംഗലം രൂപത വൈദികയോഗം ഉൾപ്പെടെയുള്ള സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published.