ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ അത്തോളി തോരായി പഴയ പള്ളി നേര്‍ച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീന്‍ ഹൈതമി പള്ളി അങ്കണത്തില്‍ കൊടി ഉയര്‍ത്തി. പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. ഇതോടെ നേര്‍ച്ചയുടെ പരിപാടികള്‍ക്ക് തുടക്കമായി. മഹല്ല് ഭാരവാഹികളായ മമ്മു ഷമ്മാസ്, ജലീല്‍ പാടത്തില്‍, യു.കെ മൊയ്തീന്‍ കുഞ്ഞി, നേര്‍ച്ചകമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ പുതുശ്ശേരി, യു.കെ ഉസ്മാന്‍, യു.കെ യൂസുഫ്, ഹാരിസ് പാടത്തില്‍ ബഷീര്‍ മണകുളങ്ങര, മഹല്ല് ഖത്തീബ് അബുഫിദ റഷാദി തുടങ്ങിയവര്‍ സംബന്ധിച്ചു.
തോരായി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന, തോരായി പള്ളി നേര്‍ച്ചക്ക് ആരംഭം കുറിക്കുകയും പള്ളി, മദ്രസ, സ്‌കൂള്‍ എന്നിവയ്ക്ക് തുടക്കമേകുകയും ചെയ്ത മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ ഖബറിടത്തില്‍ നടന്ന സിയാറത്തിനും പ്രാര്‍ത്ഥനക്കും ശേഷം വരവ് നേര്‍ച്ച സ്ഥലമായ പഴയ പള്ളിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് കൊടിയേറ്റല്‍ കര്‍മ്മം നടന്നത്. ഏപ്രില്‍ 1, 2 തിയ്യതികളിലായി മതപ്രഭാഷണവും മൂന്ന്, നാല് തിയ്യതികളില്‍ പ്രധാന ചടങ്ങുകളായ ദിക്റ് ദുആസമ്മേളനം, മൗലീദ് സദസ്, ഖത്തം ദുആ എന്നിവ നടക്കും. 5 ന് പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ദുആ മജ്‌ലിസുകളും അന്നദാനത്തോടെയും നേര്‍ച്ച സമാപിക്കും.
