വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് വീട്ടിൽ വെച്ച് വോട്ട് രേഖപ്പെടുത്താനുള്ള ‘ഹോം വോട്ടിങ്’ സൗകര്യം സജീവമാകുന്നു. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കേണ്ടതില്ല.
85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഈ പ്രത്യേക സേവനത്തിന് അർഹതയുള്ളത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ നടപടികൾ പൂർത്തിയാക്കുക.
ഹോം വോട്ടിങ് സൗകര്യം ആവശ്യമുള്ള അർഹരായ വോട്ടർമാർ നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ’12 ഡി’ (Form 12D) എന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തി ഈ ഫോമുകൾ വിതരണം ചെയ്യുകയും വോട്ടർമാർക്ക് അവ പൂരിപ്പിച്ചു നൽകാനുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്യും. ഇതുകൂടാതെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴിയും ഈ ഫോം ലഭ്യമാകും
