തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും

തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും. ഇത്തവണയും ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനാണ് രാമചന്ദ്രൻ എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ വിഭാഗത്തിന്റെ തിടമ്പേറ്റി രാമചന്ദ്രൻ പൂരനഗരിയെ ആവേശത്തിലാഴ്ത്തിയിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമചന്ദ്രനെ ആരാധകർ സ്നേഹത്തോടെ ‘രാമരാജൻ’ എന്നാണ് വിളിക്കുന്നത്.

 

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആന എന്ന ഖ്യാതിയും രാമചന്ദ്രന് സ്വന്തമാണ്. രാമചന്ദ്രന്റെ പേരിൽ നിരവധി ഫേസ്ബുക്ക് പേജുകളും വാട്സാപ്പ് കൂട്ടായ്മകളും സജീവമാണ്. ഓരോ തവണയും ഈ കൊമ്പൻ പൂരപ്പറമ്പിലെത്തുമ്പോൾ വൻ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.

പൂരവിളംബരത്തിൻ്റെ ഭാഗമായി തെക്കേ ഗോപുരനട തള്ളിത്തുറക്കാൻ രാമൻ എത്താത്തത് വർഷങ്ങളായി ആരാധകർക്ക് ഒരു വേദനയാണെങ്കിലും, സുരക്ഷാ കാരണങ്ങളാൽ ഇത്തവണയും എറണാകുളം ശിവകുമാർ തന്നെയാകും ആ ദൗത്യം നിർവ്വഹിക്കുക. കേരളത്തിലെ നാട്ടാനകളിൽ തലപ്പൊക്കത്തിൻ്റെ കാര്യത്തിൽ അജയ്യനായി നിൽക്കുന്ന രാമചന്ദ്രൻ, നിലവിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരമുള്ള ആനയെന്ന ഖ്യാതിയോടെയാണ് പൂരത്തിനെത്തുന്നത്.

ബിഹാറിൽ നിന്ന് കേരളത്തിലെത്തിയ ഈ ഗജവീരന് 326 സെൻ്റിമീറ്റർ ഉയരവും 340 സെൻ്റിമീറ്ററോളം ഉടൽ നീളവുമുണ്ട്. തൃശൂർ പൂരത്തിൻ്റെ പകിട്ട് വർദ്ധിപ്പിക്കുന്നതിൽ രാമചന്ദ്രൻ്റെ സാന്നിധ്യം എന്നും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള ഈ സൂപ്പർ സ്റ്റാർ ആന പൂരത്തിന് ഇറങ്ങുന്നതോടെ ഇക്കുറി വൻ ജനത്തിരക്കാണ് തൃശൂർ നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.