കൊയിലാണ്ടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടുകയാണ് അദ്ദേഹത്തിന്റെ രീതി. വ്യാഴാഴ്ച അതിരാവിലെ തന്നെ തിക്കോടി കോടിക്കല്‍ കടലോരത്ത് എത്തി മത്സ്യ തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. കോടിക്കല്‍ മിനി മത്സ്യ ബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചു പോയ കാര്യം മത്സ്യതൊഴിലാളികള്‍ പ്രവീണ്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കോടിക്കല്‍ മിനി ഹാര്‍ബറും പയ്യോളി ഹാര്‍ബറും യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

തുടര്‍ന്ന് പെരുവട്ടൂരില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിചരണ കേന്ദ്രമായ നെസ്റ്റ് ഇൻ്റര്‍നാഷണല്‍ അക്കാഡമി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവീണ്‍ കുമാര്‍ എത്തി. നെസ്റ്റ് ചെയര്‍മാന്‍ അബ്ദുളള കരവഞ്ചേരി, ജനറല്‍ സെക്രട്ടറി ടി.കെ.യൂനുസ്, അബ്ദുള്‍ ഹാലിഖ് തുടങ്ങിയവരും ജീവനക്കാരും ചേര്‍ന്ന് പ്രവീണ്‍കുമാറിനെ സ്വീകരിച്ചു. യു ഡി എഫ് നേതാക്കളായ എ.അസീസ്, കെ.പി.വിനോദ് കുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

പിന്നീട് കുറുവങ്ങാട് കയര്‍ സഹകരണ സംഘത്തിന്റെ കയര്‍പിരി കേന്ദ്രത്തിലെത്തി വോട്ട് തേടി. സമീപത്തെ ഏതാനും വീടുകളിലും സന്ദര്‍ശനം നടത്തിയ ശേഷം മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.ബാലകൃഷ്ണനെ കാണാനെത്തി. ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിളെയും അധ്യാപകരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചയ്ക്ക് വെങ്ങളത്ത് കണ്ടി ക്ഷേത്രോത്സവത്തിനെത്തി അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചു.

